'എന്‍സിഇആര്‍ടി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുന്നു'; ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു: ജയറാം രമേശ്

'എന്‍സിഇആര്‍ടി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുന്നു'; ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു: ജയറാം രമേശ്
2014 മുതല്‍ എന്‍സിഇആര്‍ടി ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. എന്‍സിഇആര്‍ടി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെയും പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എന്‍സിഇആര്‍ടി നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

എന്‍സിഇആര്‍ടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതാണെന്നും അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിര്‍മാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. എന്‍സിഇആര്‍ടി എന്നാല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അല്ലെന്ന് ഓര്‍ക്കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.

അതേസമയം ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം വിവാദമായതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം' എന്ന വിശേഷണമാണ് പാഠപുസ്തകത്തില്‍ പകരം പരാമര്‍ശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു എന്‍സിഇആര്‍ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.

കല്യാണ്‍ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

Other News in this category4malayalees Recommends