കന്നഡ നടന്‍ ദര്‍ശന്‍ രണ്ടാം പ്രതിയായ രേണുകസ്വാമി കൊലപാതക കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രേണുകസ്വാമിയുടെ തലയ്‌ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ഗുരുതര മുറിവുകളാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ ശരീരത്തിലുള്ളത്.
നേരത്തെ രേണുകാസ്വാമിയുടെ തല ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. അക്രമിസംഘത്തിലുള്ളവര്‍ തന്നെയാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏല്‍പിക്കുകയും വാട്ടര്‍ ഹീറ്ററിന്റെ കോയില്‍ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തില്‍ നിന്ന് 10 മൊബൈല്‍ ഫോണുകളും 30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കുറ്റമേല്‍ക്കാന്‍ ദര്‍ശന്‍ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ദര്‍ശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകള്‍ക്ക് മുന്‍പ് പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയില്‍ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇന്‍സ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ പ്രതികാരം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ദര്‍ശന്റെ കടുത്ത ആരാധകന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയാണ്. ജൂണ്‍ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കള്‍ക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോണ്‍ സ്വിച്ച് ഓഫായി. രേണുക സ്വാമിയെ ദര്‍ശന്റെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആര്‍ ആര്‍ നഗറിലെ ഒരു ഷെഡിലേക്കായിരുന്നു.
ഏക്കറുകള്‍ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകന്‍ ആണ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ഇവിടേക്ക് പിന്നീട് ദര്‍ശനും വന്നു. എല്ലാവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. ഇതില്‍ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തില്‍ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.