ബ്രിട്ടനിലെ ഒരു വിഭാഗം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം നിമിത്തം രാജ്യത്തെ സ്‌കൂളുകളും, പ്രൈമറി ഹെല്‍ത്ത് സര്‍വ്വീസുകളും കടുത്ത ഡിമാന്‍ഡ് നേരിടുന്നതായി റിപ്പോര്‍ട്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, ഹീറ്റിംഗ് എന്നിവ ലഭ്യമാകാതെ വരുമ്പോള്‍ ഇവരെയാണ് സഹായത്തിനായി സമീപിക്കുന്നതെന്നാണ് കണക്കുകള്‍.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ അധ്യാപകരും, ജിപിമാരും അനൗദ്യോഗികമായി എമര്‍ജന്‍സി ഭക്ഷ്യ ദാതാക്കളായും, വെല്‍ഫെയര്‍ ഉപദേശകരായും, ഹൗസിംഗ് ഓഫീസര്‍മാരായും, സോഷ്യല്‍ വര്‍ക്കര്‍മാരായുമെല്ലാം സേവനം നല്‍കേണ്ടി വരുന്നതായാണ് കണ്ടെത്തല്‍. ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കും കൂടുതല്‍ സമയം അനുവദിച്ച് പിന്തുണയ്ക്കാന്‍ ആവശ്യമായ ശ്രോതസ്സുകള്‍ കണ്ടെത്തി നല്‍കേണ്ടത് ഇവരുടെ തലയില്‍ പെടുകയാണ്.
ഹൗസിംഗ്, വിസ, ബെനഫിറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് പതിവായി മാതാപിതാക്കളെ സഹായിക്കേണ്ടി വരുന്നു. ഭക്ഷണം, വസ്ത്രം, കുളിക്കാന്‍ സ്ഥലം, വാഷിംഗ് മെഷീന്‍ സൗകര്യങ്ങളും നല്‍കുന്നുണ്ട്. എനര്‍ജി മീറ്ററുകള്‍ക്കും, കളിപ്പാട്ടങ്ങള്‍ക്കും, ബുക്കുകള്‍ക്കുമായി ചിലപ്പോള്‍ പണവും കൈമാറേണ്ടി വരുന്നതായി ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്‍ പഠനം വെളിപ്പെടുത്തി.