ഒരുകാലത്ത് ഫെമിനിസ്റ്റ് ആയാല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു, എന്നാല്‍ ഇന്ന് അങ്ങനെയല്ല.. സ്ത്രീ പ്രധാന്യമുള്ള സിനിമകള്‍ വരാതിരിക്കാന്‍ മന:പൂര്‍വം ശ്രമിക്കുന്നു: പാര്‍വതി

ഒരുകാലത്ത് ഫെമിനിസ്റ്റ് ആയാല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു, എന്നാല്‍ ഇന്ന് അങ്ങനെയല്ല.. സ്ത്രീ പ്രധാന്യമുള്ള സിനിമകള്‍ വരാതിരിക്കാന്‍ മന:പൂര്‍വം ശ്രമിക്കുന്നു: പാര്‍വതി
മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. 'മലയാള സിനിമയിലെ സ്ത്രീകളെവിടെ?' എന്ന് ചോദിച്ച് സംവിധായിക അഞ്ജലി മേനോന്‍ എത്തിയത് മുതലാണ് ചര്‍ച്ചകള്‍ ഉയരാന്‍ ആരംഭിച്ചത്.

ഈ വിഷയത്തില്‍ പ്രതികരിച്ച് സംസാരിച്ച നടി പാര്‍വതി തിരുവോത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീകള്‍ പ്രധാന വേഷങ്ങളില്‍ വരുന്ന സിനിമകള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതിന് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ട് എന്നാണ് പാര്‍വതി പറയുന്നത്.

സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടാകാത്തതിന് സംവിധായകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പലപ്പോഴും സിനിമ, സംവിധായകര്‍ അവര്‍ക്ക് സൗകര്യപ്രദമായ സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. സിനിമയുടെ നിര്‍മ്മാണവും വിതരണവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി, സ്ത്രീകള്‍ പ്രധാന വേഷങ്ങളില്‍ വരുന്ന സിനിമകള്‍ മനഃപൂര്‍വം ചെയ്യാതിരിക്കുകയാണ്.

അങ്ങനെ ചെയ്യുന്നതിന് നിര്‍മ്മാതാക്കളില്‍ നിന്നും വലിയതോതില്‍ സമ്മര്‍ദമുണ്ട്. ഇങ്ങനെ തുടരുന്ന ഒരു സംവിധാനത്തെ തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം നമ്മള്‍ സ്വയം സിനിമകള്‍ ചെയ്ത് രംഗത്ത് വരുന്നതാണ് നല്ലത്. ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് അത്തരമൊരു തീരുമാനമെടുക്കുന്നതിന് പരിമിതിയുണ്ട്.

ഇനി സംവിധാനം ചെയ്യാന്‍ ഇറങ്ങുകയാണെങ്കില്‍ തന്നെ എനിക്ക് മുകളില്‍ നിര്‍മ്മാതാവിന്റെ സമ്മര്‍ദമുണ്ടാകും. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മാറ്റി നിര്‍ത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നത്.

ഒരു കാലത്ത് സ്ത്രീപക്ഷമാവുക എന്നത് ആളുകള്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമായിരുന്നു. ഫെമിനിസ്റ്റ് ആകുന്നതിലൂടെ ദൃശ്യതയൊക്കെ ലഭിക്കുന്ന കാലമുണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ അത് അങ്ങനെയല്ല. പലരും വളരെ സൗകര്യപൂര്‍വം അതില്‍ നിന്നും മാറിനടക്കാന്‍ തുടങ്ങി എന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Other News in this category4malayalees Recommends