വിദ്യാര്‍ത്ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തി അധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നിയമം പുറത്തുവിട്ട് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ പോളിസി & പ്രോസീജ്യറില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.
നേരിട്ടും, അല്ലാതെയും അക്കാഡമിക് ഉത്തരവാദിത്വമുള്ള ഏതെങ്കിലും വിദ്യാര്‍ത്ഥിയുമായി സ്‌നേഹബന്ധത്തില്‍ പ്രവേശിക്കുകയോ, തുടരുകയോ ചെയ്യുന്നതില്‍ നിന്നുമാണ് ഫാക്കല്‍റ്റികള്‍ക്ക് യൂണിവേഴ്‌സിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പഠിപ്പിക്കാത്ത ജീവനക്കാരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വിലക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി ഉപദേശിക്കുന്നു.
സാധാരണ ഫ്‌ളര്‍ട്ടിംഗ് മുതല്‍ ലൈംഗിക ബന്ധം വരെ നീളുന്ന സ്‌നേഹബന്ധങ്ങളിലേക്ക് വിദ്യാര്‍ത്ഥികളും, ജീവനക്കാരും പോകുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കേംബ്രിഡ്ജില്‍ ഈ നയം മാറ്റം ആവശ്യമായി വന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അടുത്തിടെ സമാനമായ നയം സ്വീകരിച്ചിരുന്നു.