തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് കൂട്ടുന്ന ശോഭാ സുരേന്ദ്രന്‍ ; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭയെ മത്സരിപ്പിക്കാന്‍ സാധ്യത

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് കൂട്ടുന്ന ശോഭാ സുരേന്ദ്രന്‍ ; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭയെ മത്സരിപ്പിക്കാന്‍ സാധ്യത
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭയെ വീണ്ടും മല്‍സരരംഗത്തിറക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. തീരുമാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ബിജെപിയുടെ പ്രതീക്ഷയ്ക്കപ്പുറം 11.08ശതമാനം വോട്ടുവിഹിതമാണ് ശോഭ വര്‍ധിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ശോഭാസുരേന്ദ്രന്‍ വന്‍തോതില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ മല്‍സരിച്ച സി കൃഷ്ണകുമാര്‍ സന്ദീപ് വാരിയര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ചത് ആറ്റിങ്ങലിലായിരുന്നു. ശബരിമല വിഷയം കത്തിനിന്ന ആ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തിലും വര്‍ധനയുണ്ടായി. മുന്‍ തിരഞ്ഞെടുപ്പില്‍ എസ് ഗിരിജകുമാരി നേടിയ 90528 വോട്ടുകള്‍ ശോഭ 248081 വോട്ടായി ഉയര്‍ത്തി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലാണ് ശോഭയെ പാര്‍ട്ടി നിയോഗിച്ചത്. മുന്‍ തിരഞ്ഞെടുപ്പില്‍ കെഎസ് രാധാകൃഷ്ണന്‍ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു.

എന്‍ഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിലാണ് ശോഭ വോട്ടുവിഹിതം 17.24 ശതമാനത്തില്‍ നിന്ന് 28.3 ശതമാനമായി ഉയര്‍ത്തിയത്. പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, മെട്രോമാന്‍ ഇ ശ്രീധരനിലൂടെ ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തില്‍ 3859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി വിജയിച്ചത്.

Other News in this category4malayalees Recommends