രാജാവിനേക്കാള്‍ ധനികനായ പ്രധാനമന്ത്രി! തെരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ ചര്‍ച്ചയായി ഋഷി സുനാകിന്റെ സാമ്പത്തിക വളര്‍ച്ച; സുപ്രധാന പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെ 'ധനിക' ഇമേജ് തിരിച്ചടിക്കുമോ?

രാജാവിനേക്കാള്‍ ധനികനായ പ്രധാനമന്ത്രി! തെരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ ചര്‍ച്ചയായി ഋഷി സുനാകിന്റെ സാമ്പത്തിക വളര്‍ച്ച; സുപ്രധാന പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെ 'ധനിക' ഇമേജ് തിരിച്ചടിക്കുമോ?
ഋഷി സുനാക് ധനികനാണ്. സ്വന്തം നിലയില്‍ വളര്‍ച്ച നേടുകയും, പണം സമ്പാദിക്കുകയും ചെയ്ത വ്യക്തിയാണ്. ഇതെല്ലാം സമ്മതിക്കാമെങ്കിലും ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് രംഗത്ത് സാധാരണക്കാരുമായി ബന്ധമില്ലാത്ത പ്രധാനമന്ത്രിയെന്ന 'ചീത്തപ്പേരാണ്' എതിരാളികള്‍ പറഞ്ഞ് പരത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലേക്ക് എത്തുമ്പോള്‍ ഋഷിയുടെ സ്വകാര്യ സ്വത്ത് വര്‍ദ്ധിക്കുന്നതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. സുപ്രധാന പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഋഷിയുടെ വ്യക്തിഗത ആസ്തി വര്‍ദ്ധിക്കുന്നത് ചര്‍ച്ചാവിഷയമാക്കുന്നത്.

മേയ് മാസത്തിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് താഴ്ന്നതായി പ്രതീക്ഷിച്ച് ഇരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പണപ്പെരുപ്പം കുറയുന്നത് സുപ്രധാന വഴിത്തിരിവായി മാറും. 2021 സ്പ്രിംഗ് സീസണ് ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഈ തോതിലേക്ക് കുറയുക.

പോരാടാന്‍ ആയുധങ്ങളില്ലാതെ നില്‍ക്കുന്ന പ്രധാനമന്ത്രിക്ക് ഈ കണക്കുകള്‍ ഉത്തേജനമേകും. തന്റെ നേതൃത്വത്തില്‍ സാമ്പത്തിക മേഖല തിരിച്ചുവരവ് നടത്തുന്നുവെന്ന വാദം വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെയ്ക്കാനും, ഇത് നഷ്ടപ്പെടുത്താതിരിക്കാന്‍ ലേബറിലേക്ക് മാറരുതെന്ന് അഭ്യര്‍ത്ഥിക്കാനും സുനാകിന് സാധിക്കും.

എന്നാല്‍ കഴിഞ്ഞ മാസം ജീവിതച്ചെലവ് പ്രതിസന്ധി മോശമായെന്ന് പകുതിയോളം ജനങ്ങള്‍ അറിയിച്ച ഡാറ്റ മുന്‍നിര്‍ത്തി ഒന്നും ശരിയായിട്ടില്ലെന്ന് വാദിക്കാനാണ് ലേബര്‍ തയ്യാറാകുക. കൂടാതെ അധ്വാനിക്കുന്ന ജനങ്ങള്‍ നേരിടുന്ന അവസ്ഥയെ കുറിച്ച് ഋഷിക്ക് യാതൊരു ബോധ്യവുമില്ലെന്നതില്‍ അത്ഭുതമില്ലെന്നാണ് ഷാഡോ ചീഫ് സെക്രട്ടറി ട്രഷറി ഡാരെണ്‍ ജോണ്‍സിന്റെ പ്രതികരണം.

Other News in this category4malayalees Recommends