അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കിയില്ല; 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്

അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കിയില്ല; 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്
അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കാത്തതിനാല്‍ നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ്. അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' സിനിമയുടെ നിര്‍മ്മാതാവ് കെ മുരുകനെതിരെയാണ് മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അരവിന്ദ് സ്വാമിക്ക് മൂന്ന് കോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. 2017 ഏപ്രില്‍ ഏഴിന് അരവിന്ദ് സ്വാമിയും നിര്‍മ്മാതാവും കരാറില്‍ ഒപ്പ് വച്ചിരുന്നു. തുകയില്‍ നിന്ന് നികുതി പിടിച്ച് ആദായനികുതി വകുപ്പിന് നല്‍കുമെന്നും കരാറുണ്ടായിരുന്നു. എന്നാല്‍ സിനിമ റിലീസായ ശേഷവും 30 ലക്ഷം രൂപ നിര്‍മ്മാതാവ് നടന് നല്‍കിയിരുന്നില്ല.

നികുതി തുകയായ 27 ലക്ഷം ആദായനികുതി വകുപ്പില്‍ അടച്ചതുമില്ല. തുടര്‍ന്ന് അരവിന്ദ് സ്വാമി കോടതിയെ സമീപിക്കുകയും 18 ശതമാനം പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്ക് നല്‍കാനും ആദായനികുതി വകുപ്പില്‍ 27 ലക്ഷം അടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ തന്റെ പക്കല്‍ സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് കെ മുരുകന്‍ അറിയിച്ചു. കോടതി സ്വത്ത് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നാണ് നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Other News in this category



4malayalees Recommends