പ്രശംസകള്‍ വാരിക്കൂട്ടുകയാണ് ഈ ഡെലിവറി ബോയി. അബുദബിയിലെ അല്‍ മന്‍ഹാല്‍ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അല്‍ ഫലാഹ് സ്ട്രീറ്റില്‍ വെച്ചായിരുന്നു ഈ സംഭവം നടന്നത്.
വാഹനത്തിനിടയില്‍ കുടുങ്ങിയ പൂച്ചയുടെ ജീവന് രക്ഷിച്ചുകൊണ്ടാണ് പാകിസ്താനി ഡെലിവറി ജീവനക്കാരന് ശ്രദ്ധേയനായിരിക്കുന്നത്. 29കാരനായ സുബൈര്‍ അന്‍വര്‍ മുഹമ്മദ് എന്നാണ് ഡെലിവറി ജീവനക്കാരന്റെ പേര്. ഭക്ഷണം എത്തിക്കാനായി ബൈക്കില്‍ പോകുമ്പോള്‍ തെരുവിലെ ട്രാഫിക് സിഗ്നലില്‍ പച്ച വെളിച്ചം കാത്ത് നില്‍ക്കുകയായിരുന്നു സുബൈര്‍. പെട്ടെന്ന് ഒരു പൂച്ചക്കുട്ടി എവിടെ നിന്നോ ഓടിയെത്തി സിഗ്നല്‍ കാത്ത് റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എസ്യുവിയുടെ അടിയിലേക്ക് ഓടി കയറി. വാഹനം മുന്നോട്ടെടുത്താല്‍ പൂച്ചക്കുട്ടി അതിനടിയില്‍ കുടുങ്ങി മരിക്കുമെന്നത് ഉറപ്പായിരുന്നു.
സിഗ്നല്‍ പച്ചയാവാന്‍ സെക്കന്‍ഡുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് കണ്ട സുബൈര്‍ ബേജാറായി, അവനെ രക്ഷിക്കണം എന്നുള്ളതായിരുന്നു പിന്നെ സുബൈറിന്റെ ലക്ഷ്യം. പിന്നെ ഒന്നും നോക്കാതെ സുബൈര്‍ പൂച്ചക്കുട്ടിയെ എടുത്ത് റോഡിന്റെ മറുവശത്ത് സുരക്ഷിതമായ സ്ഥലത്ത് വിട്ടുകൊണ്ട് തിരിച്ചു വന്നു, ദാ .. അപ്പോഴേക്കും ചുവന്ന സിഗ്നലും കത്തി. വളരെ പെട്ടന്നായിരുന്നു സംഭവം. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മലയാളി യുവാവാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മെയ് നാലിനാണ് മനാഫ് കെ.അബ്ബാസ് എന്നയാളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പൂച്ചക്കുട്ടിയുടെ ജീവന് രക്ഷിച്ച ഡെലിവറി ജീവനക്കാരന്റെ വീഡിയോ ഞൊടിയിടയില്‍ രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.
എന്നാല്‍ താന്‍ ചെയ്ത ഈ പ്രവര്‍ത്തി പുറം ലോകം അറിഞ്ഞ് തന്നെ പ്രശംസിക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയാതെ പാകിസ്താനില്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി എമിറേറ്റില്‍ ഡെലിവറി ബോയിയായി ജോലിചെയ്യുകയാണ് സുബൈര്‍.