പാകിസ്ഥാനില്‍ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാന് അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബിലെ സിയാല്‍കോട്ട് സ്വദേശിയാണ് കൊല്ലപ്പെട്ടയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വ്യാഴാഴ്ച രാത്രി സ്വാത്തിലെ മദ്യന് തഹസില്‍ ഖുറാനിലെ പേജുകള്‍ കത്തിച്ചതായി ജില്ലാ പോലീസ് ഓഫീസര്‍ സാഹിദുള്ള പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
പൊലീസ് ഇത് നിരസിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം വെടിയുതിര്‍ക്കുകയും പൊലീസ് തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് സ്റ്റേഷന് ആക്രമിച്ച ജനക്കൂട്ടം പ്രതിയെ പുറത്തിറക്കി കൊലപ്പെടുത്തി.