യന്ത്രത്തില്‍ കുടുങ്ങി കൈ വേര്‍പെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ ; ദാരുണാന്ത്യം

യന്ത്രത്തില്‍ കുടുങ്ങി കൈ വേര്‍പെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ ; ദാരുണാന്ത്യം
ഇറ്റലിയില്‍ പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ കര്‍ഷക തൊഴിലാളിയെ തൊഴിലുടമ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇറ്റലിയില്‍ റോമിനടുത്തുള്ള ലാറ്റിന എന്ന ഗ്രാമപ്രദേശത്താണ് സംഭവം. ഇവിടെ ഒരു ഫാമില്‍ തൊഴിലാളിയായിരുന്ന ഇന്ത്യാക്കാരന്‍ സത്‌നം സിങാണ് മരിച്ചത്. 31 വയസായിരുന്നു. ജോലിക്കിടെ കൈക്ക് അതീവ ഗുരുതരമായി പരിക്കേറ്റ സത്‌നം സിങിനെ തൊഴിലുടമ റോഡില്‍ ഉപേക്ഷിച്ചെന്നാണ് ആരോപണം. സംഭവം ഇറ്റലിയില്‍ വലിയ വിവാദമായിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് ഭാര്യക്കൊപ്പമാണ് സത്‌നം സിങ് ഇറ്റലിയിലെത്തിയത്. മണിക്കൂറില്‍ 5 യൂറോ (448 രൂപ) കൂലിക്കാണ് സത്‌നം സിങ് ജോലി ചെയ്തിരുന്നത്. അപകട സമയത്ത് ഒരു ട്രാക്ടറിനോട് ഘടിപ്പിച്ച പ്ലാസ്റ്റിക് റോളര്‍ റാപ്പിങ് യന്ത്രമായിരുന്നു സത്‌നം സിങ് കൈകാര്യം ചെയ്തിരുന്നത്. ജോലിക്കിടെ യന്ത്രത്തില്‍ കൈ കുടുങ്ങി സത്‌നം സിങിന്റെ കൈ വേര്‍പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സത്‌നം സിങിനെ ഇയാള്‍ താമസിക്കുന്ന ബൊര്‍ഗൊ സാന്ത മരിയയിലെ താമസ സ്ഥലത്തോട് ചേര്‍ന്ന റോഡില്‍ തൊഴിലുടമ ഉപേക്ഷിച്ചെന്നാണ് ആരോപണം.

ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സത്‌നം സിങിനെ ഹെലികോപ്റ്ററില്‍ സാന്‍ കാമിലോ ഫോര്‍ലാലിനി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക കുറ്റവും തൊഴില്‍ നിയമ ലംഘനങ്ങളും ചുമത്തി സത്‌നം സിങിന്റെ തൊഴിലുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ട്രേഡ് യൂണിയന്‍ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇറ്റലിയിലെ തൊഴില്‍ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. നീചവും നിന്ദ്യവുമായ ക്രൂരകൃത്യമാണ് നടന്നതെന്നും ഇന്ത്യാക്കാരനായ തൊഴിലാളി മരിച്ചെന്നും അവര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. എല്ലാ തൊഴില്‍ ചൂഷണത്തിനും എതിരാണ് സര്‍ക്കാരെന്ന് കൃഷി മന്ത്രി ഫ്രാന്‍സെസ്‌കോ ലൊല്ലോബ്രിഗിഡ പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാജ്യത്തെ സെന്റര്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്.

Other News in this category4malayalees Recommends