സംസ്ഥാന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്ക് കരാര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍ ; ചിലവ് 9.5 കോടി

സംസ്ഥാന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്ക് കരാര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍ ; ചിലവ് 9.5 കോടി
സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്ക് കരാര്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍. വന്‍ ഫീസ് നല്‍കിയാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ വച്ചത്. മസാച്യുസൈറ്റ്‌സ് ആസ്ഥാനമായുള്ള ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാര്‍ നല്‍കിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുക 9.5 കോടി രൂപയാണ്.

സംസ്ഥാന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മാര്‍ച്ചില്‍ സ്വകാര്യ ഏജന്‍സികളുടെ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ നിന്നാണ് ബിസിജിയെ തെരഞ്ഞെടുത്തത്. ബിസിജിയുടെ സംഘം ധനവകുപ്പുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇവരുടെ ചില നിര്‍ദേശങ്ങള്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിലുണ്ടായേക്കും.

ഗ്യാരന്റികള്‍ കൊണ്ട് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയതിന്റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുതിയ കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് തീറെഴുതുന്നുവെന്നും വിജയേന്ദ്ര ആരോപിച്ചു. അതേസമയം നരേന്ദ്ര മോദിയുടെ വിഷന്‍ 2047 പദ്ധതിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത് ബിസിജിയായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അപ്പോള്‍ ബിജെപിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Other News in this category4malayalees Recommends