പരാജയത്തിന് കാരണം മുഖ്യമന്ത്രിയെന്ന് തോമസ് ചാഴികാടന്, അല്ലെന്ന് ജോസ് കെ മാണിയും
തന്റെ പരാജയത്തിന് മുഖ്യമന്ത്രിയും കാരണമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴിക്കാടന് മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. എല്‍ഡിഎഫിന്റെ തോല്‍വിയില്‍ മുഖ്യമന്ത്രി മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടന് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കോട്ടയത്തെ തോല്‍വിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ കൂടിയാണ്. പാലായില്‍ വച്ച് നടന്ന നവകേരള സദസ്സില്‍ തന്നെ പരസ്യമായി ശകാരിച്ചതും തോല്‍വിക്ക് കാരണമായി. കിട്ടേണ്ട പല സിപിഐഎം വോട്ടുകളും ലഭിച്ചിട്ടില്ല. അതെങ്ങനെ മാറിപ്പോയി എന്നതും വിശദമായി അന്വേഷിക്കണം. കനത്ത തോല്‍വി നേരിട്ട സ്ഥിതിക്ക് ഇനി താന്‍ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നാണ് ചാഴികാടന് യോഗത്തില്‍ ചോദിച്ചത്.
അതേസമയം പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി അടക്കം മറ്റു മുതിര്‍ന്ന നേതാക്കള്‍ സിപിഐഎമ്മിനെ വിമര്‍ശിക്കാന്‍ തയ്യാറായില്ല. തോല്‍വിക്ക് കൂട്ടുത്തരവാദിത്തം ആണെന്നും അതിനു മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നുമായിരുന്നു പാര്‍ട്ടി യോഗത്തില്‍ ഇവരുടെ നിലപാട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം അവരുടെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍ കൂടിയായിരുന്നു പാര്‍ട്ടി ചെയര്‍മാന്റെയടക്കം ഈ മലക്കം മറിച്ചില്‍.