ഹരിയാനയിലെ ഫരീദാബാദില്‍ മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി. 17 കാരിയുടെ മൃതദേഹം കണ്ടെത്തിയത് പെണ്‍കുട്ടിയുടെ അമ്മ താമിസിക്കുന്ന വീടിനുള്ളില്‍ അടക്കം ചെയ്ത നിലയില്‍. സംഭവത്തില്‍ 17 കാരിയുടെ അമ്മയായ അനിത ബീഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 10 മാസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രവാസിയായ പിതാവ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുന്നത്.
പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയില്‍ അടക്കം ചെയ്ത മൃതദേഹം കണ്ടെത്തിയത്. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ അനിത ബീഗത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ താന്‍ മകളെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി.
മകള്‍ക്ക് ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ താന്‍ മകളെ വീടിനുള്ളില്‍ പൂട്ടിയിട്ടു. എന്നാല്‍ മകള്‍ മുറിയില്‍ തൂങ്ങി മരിച്ചു. ഈ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് മറയ്ക്കാനാണ് താന്‍ മകളെ മുറിക്കുള്ളില്‍ തന്നെ കുഴിച്ചിട്ടതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. നാട്ടുകാര്‍ വിവരമറിഞ്ഞാല്‍ അപമാനിക്കപ്പെടുമെന്ന ഭയത്തിലാണ് അത് ചെയ്തത്. ചെയ്തത് തെറ്റാണ്, കുറ്റം സമ്മതിക്കുന്നു അനിത ബീഗം പൊലീസിനോട് പറഞ്ഞു.
അതേസമയം രണ്ട് പേരുടെ സഹായത്തോടെയാണ് അനിത മകളുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടി ചോദ്യം ചെയ്യും.