ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി; വിക്കിലീക്‌സ് സ്ഥാപകന്റെ മോചനം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ,ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു

ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി; വിക്കിലീക്‌സ് സ്ഥാപകന്റെ മോചനം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ,ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് (52) ജയില്‍ മോചിതനായി. യുഎസ് ചാരവൃത്തി നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്താന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മോചനം. അഞ്ചുവര്‍ഷക്കാലം അദ്ദേഹം ജയിലിലായിരുന്നു. അസാന്‍ജ് യുകെയില്‍ നിന്നും ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചെന്ന് വിക്കിലീക്‌സ് അറിയിച്ചു.

2019 ഏപ്രില്‍ മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു അദ്ദേഹം. യു എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാന്‍ജിന്റെ പേരിലുള്ള കുറ്റം. ഈ നടപടി ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

2006 ലാണ് അസാന്‍ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയില്‍ സിഡ്‌നി സമാധാനപുരസ്‌കാരമായ ഗോള്‍ഡ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ലോകശ്രദ്ധയിലേക്ക് വന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തികളുടെയും വിവരങ്ങള്‍ ഇങ്ങനെ പുറത്തു വന്നു. 2010ന്റെ അവസാനം മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകള്‍ പുറത്തുവിടത്തോടെ അസാന്‍ജ് അമേരിക്കയുടെ കണ്ണിലെ കരടായി.

അമേരിക്ക എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികള്‍ വഴി ചാര പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതും, സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയില്‍ അമേരിക്കന്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നതുമടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമര്‍ശങ്ങള്‍ പുറത്തു വരുകയും ചെയ്തു. കേബിള്‍ഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.

Other News in this category4malayalees Recommends