2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 ല്‍ അവസാനിച്ചു.
അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തില്‍നിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് മൂന്നും ബുംറ അര്‍ഷ്ദീപ് എന്നിവര്‍ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 27 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 52 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്ക് 31 ബോളില്‍ 39 ഉം സ്റ്റബ്‌സ് 21 ബോളില്‍ 31 റണ്‍സും എടുത്തു.
നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 176 റണ്‍സെടുത്തത്. വിരാട് കോഹ്‌ലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോഹ്‌ലി 58 പന്തില്‍ 76 റണ്‍സ് നേടി. 2 സിക്‌സും 6 ഫോറും കോഹ്‌ലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. അക്‌സര്‍ പട്ടേല്‍ നാലു സിക്‌സും ഒരു ഫോറും സഹിതം 31 പന്തില്‍ 47 റണ്‍സ് എടുത്തു. ദൂബെയും 16 പന്തില്‍ 27 റണ്‍സെടുത്തു.
ഒടുവില്‍ ട്വന്റി 20ല്‍ നിന്ന് വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും വിടപറഞ്ഞിരിക്കുകയാണ്. മികച്ചൊരു പോരാട്ട ശേഷം അഭിമാനത്തോടെ യുവതലമുറയ്ക്കായി വഴിമാറിയിരിക്കുകയാണ് താരങ്ങള്‍