ഹാഥ്‌റാസ് ദുരന്തം; ആള്‍ ദൈവം ഭോലെ ബാബയെ പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട് ; വിവാദത്തില്‍

ഹാഥ്‌റാസ് ദുരന്തം; ആള്‍ ദൈവം ഭോലെ ബാബയെ പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട് ; വിവാദത്തില്‍
മതപരമായ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരണപ്പെട്ട ഹാഥ്‌റാസ് ദുരന്തത്തില്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സത്സംഗ് പ്രാര്‍ത്ഥനാചടങ്ങില്‍ അനുവദിച്ചതിലും അധികം പേരെ പങ്കെടുപ്പിച്ചുവെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുമോ എന്ന പരിശോധന സ്ഥലത്ത് നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേ സമയം പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ദൈവം ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെ അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ ആദ്യ പ്രതികരണവുമായി ഭോലെ ബാബ രംഗത്തെത്തിയിരുന്നു. സംഭവം വിഷമകരമാണെന്നും താന്‍ കടുത്ത വിഷാദത്തിലാണെന്നും പിന്നില്‍ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും ഭോലെ ബാബ പ്രതികരിച്ചിരുന്നു. അതേ സമയം ഹാഥ്‌റാസ് ദുരന്തത്തില്‍ യുപി സര്‍ക്കാര്‍! ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹാഥ്‌റാസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ആള്‍ദൈവം 'സത്സംഗ്' കഴിഞ്ഞ് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് ഉയര്‍ന്ന പൊടി ശേഖരിക്കാന്‍ തിക്കും തിരക്കും കൂട്ടിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായിരുന്നു.

Other News in this category4malayalees Recommends