വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീര്‍ത്ഥാടന പ്രദക്ഷിണവും, ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ദിവ്യബലിയും, മരിയന്‍ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നല്‍കുന്നത്.
പരിശുദ്ധ അമ്മയുടെ നിര്‍ദ്ദേശത്തില്‍ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാല്‍ ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട 'വാത്സിങ്ങാമില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 'ഫലസിദ്ധിയും മറുപടിയും ലഭിക്കും' എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചു ഉദ്ദിഷ്ഠ കാര്യങ്ങള്‍ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങള്‍ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയിലെ എല്ലാ മിഷനുകളില്‍ നിന്നും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് വാത്സിങ്ങാം തീര്‍ത്ഥാടനത്തിനായി 'ഹോളി മൈല്‍' നഗ്‌ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പര്‍ ചാപ്പല്‍' ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീര്‍ത്ഥാടന കേന്ദ്രം. രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ (സപറ) ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും, സഭാ പണ്ഡിതനും, ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയന്‍ പ്രഭാഷണം നല്‍കുന്നതാണ്.
ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂര്‍വ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് രണ്ടു മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, രൂപതയില്‍ നിന്നുള്ള വൈദികര്‍ സഹകാര്‍മ്മികരായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും. കുര്‍ബ്ബാന മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശവും നല്‍കുന്നതാണ്.
തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് നീണ്ട ക്യുവില്‍ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് നോര്‍വിച്ച് ജേക്കബ്‌സ് കാറ്ററിങ്ങില്‍ ബന്ധപ്പെടാവുന്നതാണ്. കൗണ്ടറില്‍ കാഷ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
തീര്‍ത്ഥാടന സമയക്രമം:
09:30 am സപ്രാ (പ്രഭാത പ്രാര്‍ത്ഥന), ജപമാല, ആരാധന
10:30 am മരിയന്‍ പ്രഭാഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കല്‍
12:15 pm പ്രസുദേന്തി വാഴിയ്ക്കല്‍
12:45 pm ആഘോഷമായ പ്രദക്ഷിണം
02:00 pm ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ബലിയും, സന്ദേശവും
04:30 pm തീര്‍ത്ഥാടന സമാപനം
നോര്‍വിച്ച് ജേക്കബ്‌സ് കേറ്ററിംഗ് 07869212935
വാത്സിങ്ങാം ബസിലിക്കയുടെ വിലാസം.
The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL