ഹമാസ് തലവന്‍ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇറാനില്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോള്‍ ; പ്രതികരിക്കാതെ ഇസ്രയേല്‍

ഹമാസ് തലവന്‍ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇറാനില്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോള്‍ ; പ്രതികരിക്കാതെ ഇസ്രയേല്‍
ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ച് കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്റാനിലെത്തിയത്. ചടങ്ങിന് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രസ്താവനയില്‍ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ചതി നിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.

1987ല്‍ ഹമാസിന്റെ ഭാഗമായ ഹനിയ്യയെ 89ല്‍ ഇസ്രയേല്‍ ജയിലിലടച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് 92ല്‍ ലബനനിലേക്ക് നാടുകടത്തപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞ് പലസ്തീനില്‍ തിരിച്ചെത്തി. 2003ല്‍ ഇസ്രയേല്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രണം നടത്തിയിരുന്നു. അന്ന് പരിക്കുകളോടെ രക്ഷപ്പെട്ടു. 2006ല്‍ ഹനിയ്യ പലസ്തീന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റത്. 62കാരനായ ഹനിയ്യ 2023 മുതല്‍ ഖത്തറിലായിരുന്നു താമസം.

Other News in this category



4malayalees Recommends