ഇപ്പോള്‍ പ്രതികരിക്കാനാകില്ല, ഉള്ളുലച്ച ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍ ; വയനാട് ദുരന്തത്തിന് പിന്നാലെ സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്

ഇപ്പോള്‍ പ്രതികരിക്കാനാകില്ല, ഉള്ളുലച്ച ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍ ; വയനാട് ദുരന്തത്തിന് പിന്നാലെ സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്
വയനാട്ടിലെ ദുരന്തത്തിന് പിന്നാലെ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകളാണുണ്ടാകുന്നത്. ദുരന്തമുഖത്ത് നില്‍ക്കുന്ന രക്ഷാപ്രവര്‍ത്തകരുടെയും ഉറ്റവരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നവരെയും കണക്കിലെടുക്കാതെയുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുണ്ടാക്കുന്നുണ്ട്.

അതേസമയം മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിനെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല ഇപ്പോഴെന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. നേരത്തെ കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുണ്ടായപ്പോഴും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. 13 വര്‍ഷം മുന്‍പാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന സൂചനയാണ് മാധവ് ഗാഡ്ഗിലിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. 2011ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ദുരന്ത ഭൂമിയായ മേപ്പാടി ഉള്‍പ്പെടെയുള്ള വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകളും പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. എന്നാല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. തുടര്‍ന്ന് കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിയോഗിക്കുകയായിരുന്നു.

Other News in this category



4malayalees Recommends