ഗുജറാത്തിലെ അഹമ്മദാബാദില്‍ നീറ്റ് യുജി പരീക്ഷയില്‍ 720-ല്‍ 705 മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ജൂണ്‍-ജൂലൈ മാസങ്ങളിലെ സപ്ലിമെന്ററി പരീക്ഷകളിലും പരാജയപ്പെട്ടു. നേരത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലും കുട്ടി ഫിസിക്‌സിന് പരാജയപ്പെട്ടിരുന്നു.
നീറ്റ് പരീക്ഷയില്‍ ഫിസിക്‌സില്‍ 99.89, കെമിസ്ട്രിയില്‍ 99.86, ബയോളജിയില്‍ 99.14 മാര്‍ക്ക് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയ കുട്ടിയാണ് സപ്ലിമെന്ററി പരീക്ഷയിലും തോറ്റത്. മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയില്‍ 700 ല്‍ 352 മാര്‍ക്ക് മാത്രമാണ് നേടിയത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പരാജയപ്പെട്ടു.
സപ്ലിമെന്ററി പരീക്ഷകളില്‍, കെമിസ്ട്രിയില്‍ 33 മാര്‍ക്കോടെ വിജയിച്ചെങ്കിലും ഫിസിക്സില്‍ വീണ്ടും പരാജയപ്പെട്ടു. വെറും 22 മാര്‍ക്കാണ് നേടിയത്. നീറ്റ് പരീക്ഷക്ക് ശേഷമുള്ള സൂക്ഷ്മപരിശോധനയില്‍ നീറ്റ് സ്‌കോറിലെയും ബോര്‍ഡ് പരീക്ഷയിലെ പ്രകടനത്തിലെയും പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വിദ്യാര്‍ഥിയുടെ പിതാവ് ഡോക്ടറാണ്. ഹാജര്‍ നിര്‍ബന്ധമാക്കാത്ത ഒരു സ്‌കൂളിലാണ് പഠിപ്പിച്ചത്. സ്‌കൂള്‍ പഠനം പൂര്‍ണ്ണമായും അവഗണിച്ച് ഒരു കോച്ചിംഗ് സെന്ററിലെ നീറ്റ് യുജി തയ്യാറെടുപ്പിലായിരുന്നു അവളുടെ ശ്രദ്ധ. പെണ്‍കുട്ടി ഇപ്പോള്‍ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യാപിക പറഞ്ഞു