മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഇസ്മയില്‍ ഹനിയയെ വധിച്ചതെന്ന് രഹസ്യാന്വേഷണ ഏജന്‍സി. ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ടു മാസം മുമ്പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാനില്‍ അതിഥിയായി എത്തിയപ്പോഴുള്ള ആക്രമണത്തില്‍ കടുത്ത നിരാശയിലാണ് രാജ്യം.
ടെഹ്‌റാനിലെ തന്ത്ര പ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗെസ്റ്റ് ഹൗസ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെയാണ് തന്ത്ര പ്രധാന യോഗങ്ങള്‍ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും.
നടന്നത് വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. ഇസ്രയേലാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാനും ഹമാസും ആരോപിച്ചു, ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാന്‍ വൈകാതെ പ്രത്യാക്രമണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.