ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയത് റോക്കറ്റിന് സമാനമായ ഹൃസ്വദൂര പ്രൊജക്‌റ്റൈല്‍ ഉപയോഗിച്ചെന്ന് ഇറാന്‍. ഇതിന് ഏഴ് കിലോഗ്രാം ഭാരമുണ്ടെന്നാണ് വിവരം. യുഎസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു. തെഹ്റാന്‍ സന്ദര്‍ശനവേളയില്‍ പതിവായി താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലാണ് ഹനിയയെ പാര്‍പ്പിച്ചിരുന്നത്. ഗസ്റ്റ് ഹൗസില്‍ രഹസ്യമായി ഒളിപ്പിച്ച സ്ഫോടകവസ്തു ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് തീര്‍ച്ചയായും ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്ന് ഇറാന്‍ പറഞ്ഞു. പ്രതികാരം കഠിനമായിരിക്കുമെന്നും ഉചിതമായ സമയമെത്തുമ്പോള്‍ മറുപടി തന്നിരിക്കുമെന്നും റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കി. മുന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ. ചടങ്ങില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം നടന്നത്. ഖത്തര്‍ കേന്ദ്രീകരിച്ചാണ് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഹനിയ നേതൃത്വം നല്‍കിയിരുന്നത്.
ഹനിയയുടെ കൊലപാതകത്തിന്റെ വീഴ്ച കണക്കിലെടുത്ത് ഇറാന്‍ സൈനത്തിലുളള ഉന്നത ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. സൈനിക ഉദ്യോഗസ്ഥരെയും, തലസ്ഥാനത്തെ സൈനിക നിയന്ത്രണത്തിലുള്ള ഗസ്റ്റ്ഹൗസിലെ ഉദ്യോഗസ്ഥരെയും ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു.ഗസ്റ്റ്ഹൗസിലുണ്ടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും, സന്ദര്‍ശകരുടെ ലിസ്റ്റുകളും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ടെഹ്റാന്റെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്