സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും ഇതെന്ന് അവര്‍ മുഖത്ത് നോക്കി പറഞ്ഞു: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും ഇതെന്ന് അവര്‍ മുഖത്ത് നോക്കി പറഞ്ഞു: ഉണ്ണി മുകുന്ദന്‍
13 വര്‍ഷം മലയാള സിനിമയില്‍ പിടിച്ചു നിന്നതിനെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ തളര്‍ന്നു പോയില്ല. മാര്‍ക്കറ്റിങ് പ്രശ്നങ്ങളാണ് തന്റെ പല സിനിമകളും തകര്‍ത്തത്, അതാണ് ആദ്യം വില്ലന്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തത് എന്നാണ് താരം പറയുന്നത്.

''കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്ന് പിന്നീട് മലയാള സിനിമയിലെത്തി നടനായി പിടിച്ചു നിന്ന എളിയ കലാകാരനാണ് ഞാന്‍. സിനിമയില്‍ എത്തിയ കാലത്ത് സുഖ ദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മനസു തുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല.''

''അന്ന് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്‌നങ്ങള്‍ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല.'

'സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളാണ് ഞാന്‍ നേരിട്ടത്. അതെന്റെ മിടുക്കല്ല, വിധിയാണ്. സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാന്‍ തളര്‍ന്നില്ല.''

''വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ ഞാന്‍ പിടിച്ചുനിന്നു. തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളാണ് ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്നങ്ങളില്‍ നിന്നാണ്, വില്ലന്‍ കഥാപാത്രത്തിലേക്ക് മാറി ചിന്തി ക്കാന്‍ പ്രേരിപ്പിച്ചത്.'

''അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും എന്റെ മനസില്‍ അതൊരു നായക വേഷമായിരുന്നു. കാലംമാറി, എല്ലാത്തരത്തിലും കരിയറിലെ മികച്ച സമയത്തിലൂടെയാണ് ഞാന്‍ ഇന്ന് കടന്നുപോകുന്നത്. ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തില്‍ സിനിമയോട് ഒരിഷ്ടം കൂടിയിട്ടുണ്ട്'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Other News in this category



4malayalees Recommends