ബിഹാറിലെ വൈശാലിയില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേര്‍ക്ക് പരിക്ക് ?ഗുരുതരമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയിലാണ് സംഭവം.
എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പരിക്കേറ്റവര്‍ ഹാജിപൂര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെന്‍ഷന്‍ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം.
ജെതുയി നിസാമത്ത് ഗ്രാമത്തില്‍ നിന്നുള്ള കന്‍വാര്‍ തീര്‍ഥാടകര്‍ സോന്‍പൂര്‍ പഹ്ലേജ ഘട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ അവരുടെ വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് ഉയരം കൂടുതലായിരുന്നെന്നും അത് ഒരു ഹൈ ടെന്‍ഷന്‍ വയറില്‍ തട്ടിയെന്നും ഇതേ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രാവണ മാസത്തില്‍ ദേവന് അര്‍പ്പിക്കാന്‍ ജന്മനാട്ടില്‍ നിന്ന് ഗംഗാജലം കൊണ്ടുപോകുന്ന ശിവഭക്തരാണ് കന്‍വാരിയര്‍.