പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ ബംഗ്ലാദേശില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറോളം പേര്‍. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണങ്ങള്‍ സംഭവിച്ചത്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സംവരണത്തിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രതിഷേധം നടക്കുന്നത്.
സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു. അക്രമത്തില്‍ 14 പൊലീസുകാര്‍ ഉള്‍പ്പെടെ 91 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക പത്രമായ പ്രോതോം അലോയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. കോടതികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യര്‍ഥിച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സമ്പര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ 56 ശതമാനത്തോളം വിവിധ സംവരണങ്ങള്‍ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.