പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ക്രൂര മര്‍ദനം ; മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന് കുടുംബം

പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ക്രൂര മര്‍ദനം ; മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന് കുടുംബം
പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ക്രൂര മര്‍ദനം. കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ വിറക് ഉപയോഗിച്ച് മര്‍ദിച്ചെന്നും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറിന് നേരെയാണ് അതിക്രമമുണ്ടായത്. ആശ്രമത്തിന്റെ ചുമതലക്കാരനായ വേണുഗോപാലിനും സഹായികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികള്‍ വിറക് കൊണ്ടും ബാറ്റ് കൊണ്ടും അടിച്ചതായും ശരീരത്തില്‍ മുറിവുണ്ടാക്കിയതായും വിദ്യാര്‍ത്ഥി പറഞ്ഞു. യഗ്ദീറിലെ റെയില്‍വെ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടു പോയതായും കുട്ടി ആരോപിച്ചു. വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശ്രമത്തില്‍ താമസിപ്പിച്ചതെന്നാണ് വീട്ടുകാരുടെ വാദം. കളിക്കുന്നതിനിടയില്‍ പേന മോഷ്ടിച്ചെന്ന് സഹപാഠികളാണ് ആശ്രമം അധികൃതരോട് പരാതിപ്പെട്ടത്.

തരുണിന്റെ മൂത്ത സഹോദരന്‍ അരുണ്‍ കുമാറും ഇതേ ആശ്രമത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇരുവരെയും കാണുന്നതിനായി അമ്മ രാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിഷയം വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ സര്‍ക്കാര്‍ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകനായ സുദര്‍ശന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Other News in this category



4malayalees Recommends