ജിസ് ജോയിയെ കുറിച്ച് ആര്‍ടിസ്റ്റ് ഡിനി ഡാനിയല്‍ പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ജിസ് ജോയിയുടെ 1000 മത് പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കിട്ടിയ സ്‌നേഹവും കരുതലുമാണ് ഡിനി കുറിപ്പിലൂടെ പറയുന്നത്.
''എറണാകുളത്തെ ഒരു പ്രധാന സിനിമ ചിത്രീകരണ വേദിയായ പാറമട വീട്ടില്‍ ഒരിക്കല്‍ ഒരു പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ട് പോയപ്പോള്‍ മൈക്കില്‍ നിന്നും ഒരു പരിചയ സ്വരം. പക്ഷേ എന്തു കൊണ്ടോ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 'ഷോട്ട് റെഡി' എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് വിളിച്ചു. അസ്സോഷ്യേറ്റ് ഡയറക്ടര്‍ സീന്‍ പറഞ്ഞു തന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മുന്നേ തീരുമാനിച്ച ഷോട്ടുകള്‍ തുടങ്ങാന്‍ ഉച്ചകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള മറ്റാരെയും പരിചയപ്പെടാതെ സമയക്കുറവുകൊണ്ടു ഞാന്‍ നേരേ സീനിലേക്കു കയറി. 'ആര്‍ടിസ്റ്റ് പൊസിഷന്‍, ക്യാമറ റോള്‍, പ്ലേ ജിംഗിള്‍സ്, ആക്ഷന്‍...കട്ട്....ഗുഡ് ഗുഡ്'
ശ്ശെടാ വീണ്ടും ആ പരിചയ സ്വരം. പക്ഷേ മനസിലാകുന്നില്ല. എന്തായാല്ലും എന്റെ സീനിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടര്‍ പരിചയപ്പെടുത്തുന്നു. ഇത് ജിസ് ചേട്ടന്റെ 1000-മത്തെ പരസ്യം ആണ്. ആഹാ. അടിപൊളി. വളരെ കംഫര്‍ട്ടബിള്‍ ആയിട്ടു വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കൂള്‍ ഡയറക്ടര്‍ ആണല്ലോ എന്ന് മനസ്സില്‍ പറഞ്ഞു. ഷൂട്ട് ടൈം പറഞ്ഞതിലും വൈകി. എനിക്ക് തിരികെ പത്തനംതിട്ടയില്‍ എന്റെ വീട്ടില്‍ എത്തണം. പിറ്റേന്ന് അതിരാവിലെ അപ്പയെയും അമ്മയെയും കൊണ്ട് തിരുവനന്തപുരത്തു 7 മണിക്കെത്തുകയും വേണം.
പ്രൊഡക്ഷന്‍ ടീമിനോട് ഞാന്‍ കാര്യം പറഞ്ഞു. ഡയറക്ടറിനോട് അറിയിച്ചു. എത്രയും പെട്ടന്നു എന്റെ ഭാഗം തീര്‍ത്തു വിടാം എന്ന് എനിക്ക് ഉറപ്പു തന്ന് രാത്രി ഏകദേശം 9-9.30 യ്ക്ക് എന്റെ ഷൂട്ട് കഴിഞ്ഞു. ധൃതിയില്‍ ഞാന്‍ തനിച്ചു നൈറ്റ് ഡ്രൈവ് ചെയ്ത് പോകുന്നു എന്ന് പറഞ്ഞപ്പോള്‍, ഡയറക്ടര്‍ നേരിട്ട് പ്രൊഡക്ഷന്‍ ടീമിനോട് എന്റെ കൈവശം ഒരു കുപ്പി വെള്ളം നിര്‍ബന്ധമായി തരുവാനും, ചൂവിങ് ഗം പോലുള്ള എന്തെങ്കിലും മേടിച്ചു നല്‍കാനും പറഞ്ഞു.
ഡ്രൈവ് ചെയ്യുന്നതിനിടയ്‌ക്കെപ്പോളെങ്കിലും ഉറക്കം വന്നാല്‍ വെള്ളം കുടിക്കാനും വേണ്ടി വന്നാല്‍ മിഠായി ചവച്ചുകൊണ്ടിരിക്കാനും സ്‌നേഹത്തോടുപദേശിച്ചു. ഞാന്‍ രാത്രി എന്റെ വീട്ടില്‍ എത്തുന്നതുവരെ ഇടയ്ക്കിടയ്ക്ക് പ്രൊഡക്ഷനില്‍ നിന്നാരെങ്കിലുമൊക്കെ വിളിച്ചു തിരക്കികൊണ്ടേയിരുന്നു. 10 വര്‍ഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഇത്രയും കരുതലുള്ള ഒരു ടീം നമുക്ക് നല്‍കുന്ന വളരെ ഹൃദ്യമായൊരനുഭവം.
പിന്നീട് തിരികെ സീരിയല്‍ ഷൂട്ടിനെത്തിയപ്പോള്‍ എന്റെ കൂട്ടുകാരിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആയ സംഗീതയോടു ഈ കാര്യം പറഞ്ഞപ്പോളാണ് കാര്യം മനസിലായത്. അന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ കേട്ട പരിചയ ശബ്ദം അല്ലു ആര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന ജിസ് ജോയ് എന്ന പ്രശസ്ത സംവിധായകന്റെ തന്നെ സ്വരമാണെന്നു. മാസങ്ങള്‍ക്കിപ്പുറം ഇടപ്പള്ളി പള്ളിയില്‍ പോയപ്പോള്‍ അന്ന് പകര്‍ന്ന അതേ മനുഷ്യത്വമേറിയ ഊഷ്മളതയോടെ താങ്കള്‍ അദ്ഭുതപ്പെടുത്തുന്നു. ഇത്രയും എളിമയും താഴ്മയും ഞങ്ങളെപ്പോലുള്ളവര്‍ക്കേറെ പ്രചോദനമാണ് സര്‍. താങ്കളെപ്പോലെയുള്ളവര്‍ ഈ നാടിനഭിമാനമാണ്. മൃദുലമാം മധുരമേ...ഏതോ മഴയില്‍ അങ്ങനെ മനസില്‍ തട്ടുന്ന വരികള്‍ എഴുതിയ വ്യക്തി. താങ്കളെ അറിയാമെന്നത് എന്നെപ്പോലെയുള്ളവര്‍ക്ക് ധൈര്യവും. I respect you sir for what you're.God bless you more.'' എന്നാണ് ഡിനി കുറിച്ചത്.