സുരക്ഷാ ശക്തമാക്കല്‍; കരാറില്‍ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
സുരക്ഷാ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും. ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ ഖലഫ് ബിന്‍ ഹതാബ് അല്‍ കഅബിയും, ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ടിമ്മി ഡേവിസുമാണ് ഇരു രാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് കരാറുകളില്‍ ഒപ്പുവെച്ചത്. സുരക്ഷ മേഖലയിലെ സഹകരണം ശക്തമാക്കുന്നതും, വികസന പദ്ധതികളെയുംകുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ അവസാന വാരത്തില്‍ നടന്ന ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലെ സുരക്ഷ സഹകരണം ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. വാഷിങ്ടണില്‍ അദ്ദേഹം എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയുമായി കൂടിക്കാഴ്ച നടത്തുകയും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. 2026 ലോകകപ്പ് ഫുട്ബാള്‍ നടത്തിപ്പിനുള്ള സുരക്ഷാ സഹകരണം സംബന്ധിച്ചും അമേരിക്കയും ഖത്തറും നേരത്തെ ധാരണയിലെത്തിയിരുന്നു.