ഷെയ്ഖ് ഹസീനയ്ക്ക് ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഷെയ്ഖ് ഹസീനയ്ക്ക് ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മറ്റൊരു രാജ്യത്ത് അഭയം ലഭിക്കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ബംഗ്ലാദേശില്‍ നിന്നുള്ള സൈനിക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെത്തിയ ഷെയ്ഖ് ഹസീന നിലവില്‍ ഡല്‍ഹിയിലുണ്ട്.

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ തീരുമാനമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിന് പിന്നാലെയാണ് ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹസീന സഹോദരി രെഹാനയ്ക്കൊപ്പമാണ് രാജ്യം വിട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള രെഹാനയുടെ മകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അംഗമാണ്. അതേസമയം ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി.

Other News in this category



4malayalees Recommends