അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു ; റോഡില്‍ നിര്‍ത്തിയിട്ട ടാങ്കറില്‍ നിന്ന് പാലു ശേഖരിക്കുന്ന നാട്ടുകാരുടെ ദൃശ്യം പുറത്ത് ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് പാല് ശേഖരിക്കാന്‍ തിരക്കൂകൂട്ടുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പാല് കയറ്റിവന്ന ടാങ്കര്‍ ലോറി മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.
കൂട്ടിയിടിയില്‍ രണ്ട് വാഹനങ്ങള്‍ക്കും കാര്യമായ തകരാറുകള്‍ സംഭവിച്ചു. എബിഇഎസ് എഞ്ചിനീയറിങ് കോളേജിന് സമീപത്തു വെച്ചായിരുന്നു അപകടം. ടാങ്കറിന്റെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ ഡ്രൈവര്‍ മരണപ്പെടുകയും വാഹനത്തിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണമായി തകരുകയും ചെയ്തു. പ്രേം സിങ് എന്നയാള്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ ഇടിയില്‍ ടാങ്കറിന്റെ പിന് ഭാഗത്തിനാണ് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടു. എന്നാല്‍ അവസരം മുതലാക്കി പാല് ഇത് ശേഖരിക്കാന്‍ ആളുകളും കൂടി. പലരും ഇതൊരു അവസരമായെടുത്ത് കുപ്പികളും പാത്രങ്ങളുമൊക്കെയായി തിരക്കൂകൂട്ടാനും തുടങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പരസരത്തുള്ള ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.