വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി ഉള്ള തെരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
310 ഹെക്ടര്‍ കൃഷിഭൂമി കുത്തിയൊലിച്ചെത്തിയ ഉരുള്‍പൊട്ടലില്‍ നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറ് ഹെക്ടറോളം വനഭൂമിയും ചെളിയിലാണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവുമധികം നാശമുണ്ടായിരിക്കുന്ന കാപ്പിത്തോട്ടങ്ങളിലാണ്, 100 ഹെക്ടറാണ് നശിച്ചത്. 70 ഹെക്ടര്‍ കുരുമുളകും 50 ഹെക്ടര്‍ ഏലവും നശിച്ചിട്ടുണ്ട്. പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ തേയിലതോട്ടങ്ങളും നശിച്ചിട്ടുണ്ട്. 55 ഹെക്ടറോളമാണ് ഇല്ലാതായത്.
അതേസമയം തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. കണ്ടെത്താനുള്ളവരും പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ റവന്യു വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മരണം 400 കടന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം.
നിലവില്‍ ദുരിതമേഖലകളില്‍ 16 ക്യാമ്പുകളിലായി 2225 പേരാണ് കഴിയുന്നത്. 847 പുരുഷന്മാര്‍, 845 സ്ത്രീകള്‍, 533 കുട്ടികള്‍, 4 ഗര്‍ഭിണികള്‍ എന്നിങ്ങനെയാണ് വിശദമായ കണക്കുകള്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.