ഹനിയക്ക് പിന്‍ഗാമി, ഹമാസ് തലവനായി ചുമതലയേല്‍ക്കുന്നത് അമേരിക്ക 'ആഗോള ഭീകരനായി' കണക്കാക്കുന്ന യഹിയ സിന്‍വാര്‍

ഹനിയക്ക് പിന്‍ഗാമി, ഹമാസ് തലവനായി ചുമതലയേല്‍ക്കുന്നത് അമേരിക്ക 'ആഗോള ഭീകരനായി' കണക്കാക്കുന്ന യഹിയ സിന്‍വാര്‍
ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ചുമതല ഏറ്റെടുത്ത് യഹിയ സിന്‍വാര്‍. ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള നേതാവാണ് യഹിയ സിന്‍വാര്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരില്‍ ഒരാളാണ് സിന്‍വാര്‍.

'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന കടുത്ത രാഷ്ട്രീയ സമീപനങ്ങള്‍ക്ക് പേരുകേട്ട സിന്‍വാര്‍ ചുമതലയേല്‍ക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേല്‍ ഉള്‍പ്പെടെ വീക്ഷിക്കുന്നത്. ഇസ്രയേലിന്റെ ഹിറ്റ്‌ലിസ്റ്റിലെ മുന്‍ നിരക്കാരനായ സിന്‍വാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നല്‍കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളോട് ഇസ്മായില്‍ ഹനിയ സ്വീകരിച്ച അനുകൂല നിലപാട് ഇനിയുണ്ടാകില്ലെന്ന സൂചനകളാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.

നേരത്തെയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസ് മുന്നോട്ടുവച്ച ഉപാധികളില്‍നിന്ന് ഒരുപാട് പോലും പിന്നോട്ടുപോകാന്‍ സിന്‍വാര്‍ തയാറായിരുന്നില്ല. അങ്ങനെയൊരാള്‍ തലപ്പത്തേക്ക് എത്തുമ്പോള്‍ ചര്‍ച്ചകള്‍ എങ്ങനെയാകും മുന്നോട്ടുപോകുക എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങള്‍ സംഘടിപ്പിച്ചിരുന്ന സിന്‍വാര്‍ ഒക്ടോബര്‍ ഏഴിന് ശേഷം ഒളിവില്‍ തുടരുകയായിരുന്നു.

ഗാസ ആസ്ഥാനമായാണ് യഹിയ സിന്‍വാര്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. 1962ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു സിന്‍വാറിന്റെ ജനനം. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 1982ലും 1985ലും സിന്‍വാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിന്‍വാര്‍ 1988ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.

22 വര്‍ഷക്കാലമാണ് യഹിയ സിന്‍വാര്‍ ഇസ്രയേലി തടവറയില്‍ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011ലാണ് സിന്‍വാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. മോചിതനായ ശേഷം, ഹമാസിന്റെ നേതൃനിരയില്‍ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിന്‍വാര്‍ മാറിയത്. 2015ല്‍ അമേരിക്ക സിന്‍വറിനെ 'ആഗോള ഭീകരനായി' മുദ്രകുത്തുകയും ചെയ്തു.

Other News in this category



4malayalees Recommends