ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതെ ഭാര്യ. ചൈനയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധമാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ ഭാര്യയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെറിബ്രല്‍ ഹെമറേജ് ബാധിച്ചയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാമുകിയുടെ വീട്ടില്‍ വെച്ചാണ് ഇദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചത്. ഉടന്‍തന്നെ അദ്ദേഹത്തെ കാമുകി അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് എത്തിച്ചുവെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയിലെത്തിയ യുവാവിനെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അടിയന്തര സര്‍ജറി ആവശ്യമാണെന്നും അതിന് ബന്ധുക്കളുടെ സമ്മതം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രേഖകളില്‍ ഒപ്പിടാന്‍ സമയമായപ്പോഴേക്കും കാമുകി ആശുപത്രിയില്‍ നിന്ന് സ്ഥലം വിട്ടിരുന്നു.
അപ്പോഴാണ് ഇദ്ദേഹത്തിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു യുവതി രംഗത്തെത്തിയത്. ഇവരോട് ഡോക്ടര്‍മാര്‍ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു. ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്നും അറിയിച്ചു. ഭര്‍ത്താവ് കോമയിലാണെന്നും ശസ്ത്രക്രിയ ചെയ്താലും അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ ഇവരോട് പറഞ്ഞു.
നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ ഭാര്യയോട് പറഞ്ഞു.
എന്നാല്‍ ഡോക്ടര്‍മാരെ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് ഭാര്യയില്‍ നിന്നുണ്ടായത്. തന്റെ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെപ്പറ്റി തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹത്തെ താന്‍ ഇപ്പോള്‍ സ്നേഹിക്കുന്നില്ലെന്നും ഭാര്യ ഡോക്ടര്‍മാരോട് പറഞ്ഞു.
അതുകൊണ്ട് തന്നെ സര്‍ജറിയ്ക്ക് ആവശ്യമായ സമ്മതപത്രത്തില്‍ താന്‍ ഒപ്പിടില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിക്കോളാന്‍ ഇവര്‍ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. അദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും ഭാര്യ പറഞ്ഞു.