ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും ; പ്രധാനമന്ത്രി നാളെ വയനാട്ടിലെത്തും

ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും ; പ്രധാനമന്ത്രി നാളെ വയനാട്ടിലെത്തും
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചില്‍ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചില്‍.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരല്‍മലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. കൂടുതല്‍ കേന്ദ്ര സഹായം പ്രഖ്യാപിച്ചേക്കും.

Other News in this category



4malayalees Recommends