സിഡ്‌നിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രത്തിനെ ആലേഖനം ചെയ്ത കോടികള്‍ വിലവരുന്ന നാണയം മോഷ്ടിച്ച് 47കാരന്‍ , അറസ്റ്റില്‍
കാര്‍ട്ടൂണ്‍ കഥാപാത്രത്തിനെ ആലേഖനം ചെയ്ത കോടികള്‍ വിലവരുന്ന നാണയം അടിച്ച് മാറ്റി 47കാരന്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. 32973078 രൂപ വിലവരുന്ന ലിമിറ്റഡ് എഡിഷന്‍ നാണയങ്ങളാണ് 47കാരനായ സ്റ്റീവന്‍ ജോണ്‍ നീല്‍സണ്‍ മോഷ്ടിച്ചത്. കാര്‍ട്ടൂണ്‍ ഷോയായ ബ്ലൂയിയിലെ കഥാപാത്രങ്ങളുടെ രൂപം ആലേഖനം ചെയ്ത നാണയങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റോയല്‍ ഓസ്‌ട്രേലിയന്‍ മിന്റ് ഈ നാണയങ്ങള്‍ പുറത്തിറക്കിയത്. 1 ഡോളര്‍ വിലവരുന്ന 64000 നാണയങ്ങളാണ് പശ്ചിമ സിഡ്‌നിയിലെ വെയര്‍ ഹൌസില്‍ നിന്ന് കാണാതായത്.
കഴിഞ്ഞ മാസമാണ് വെയര്‍ഹൌസിലെ ജീവനക്കാരനായ 47കാരന്‍ നാണയങ്ങള്‍ മോഷ്ടിച്ചതെന്നാണ് പരാതി വന്നത്. കാണാതായതിന് പിന്നാലെ തന്നെ ലിമിറ്റഡ് എഡിഷന്‍ നാണയം ഇയാള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ച് വന്‍തുക സ്വന്തമാക്കിയെന്നാണ് വിവരം. യഥാര്‍ത്ഥ വിലയേക്കാള്‍ പത്തിരട്ടിയിലേറെ നല്‍കിയാണ് ആളുകള്‍ ഇയാളില്‍ നിന്ന് നാണയങ്ങള്‍ വാങ്ങിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ചയാണ് ഇയാളെ സ്വന്തം വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത്. മോഷണത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. മോഷ്ടിച്ച നാണയങ്ങളില്‍ ഇയാള്‍ ഓണ്‍ലൈനില്‍ വിറ്റതായാണ് പൊലീസ് വിശദമാക്കുന്നത്. വെറും ആയിരം നാണയങ്ങള്‍ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.
വെയര്‍ ഹൌസിലേക്ക് നാണയം എത്തിച്ച ട്രക്കില്‍ നിന്നാണ് ലിമിറ്റഡ് എഡിഷന്‍ നാണയങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. അന്വേഷണം നടക്കുന്ന സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് റോയല്‍ മിന്റ് അധികൃതര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുറത്തിറക്കിയ അന്ന് മുതല്‍ വലിയ ഡിമാന്‍ഡായിരുന്നു നാണയത്തിനുണ്ടായിരുന്നത്. ഒരു ഓസ്ട്രേലിയന്‍ ആനിമേറ്റഡ് പ്രീ-സ്‌കൂള്‍ ടെലിവിഷന്‍ പരമ്പരയാണ് ബ്ലൂയ്. ബ്രിട്ടനും കാനഡയും ചൈനയും അടക്കം 60 ലേറെ രാജ്യങ്ങളില്‍ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മൂന്ന് സീസണുകളിലായി 150 ലേറെ എപ്പിസോഡുകളാണ് പരമ്പരയ്ക്കുള്ളത്.