ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി കൈമാറും
അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുന്നത്.
രാവിലെ 10.30 ന് നിയമ സഭാ മന്ദിരത്തില്‍ പൊതു ദര്‍ശനം ഉണ്ടാകും. അതിന് ശേഷം കൊല്‍ക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫിസില്‍ 11.30 മുതല്‍ വൈകിട്ട് 3.30 വരെ ആണ് പൊതുദര്‍ശനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുദ്ധദേബിന്റെ വസതിയില്‍ എത്തി ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയുടെ അന്ത്യം. 2000 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതുരംഗത്ത് നിന്നും മാറിനില്ക്കാന് നിര്‍ബന്ധിതനാക്കിയത്.