മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നിന്ന് യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്സ്. മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജു അലക്സിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസ് എടുത്തത്. ജാമ്യം ലഭിച്ചതിന് ശേഷം നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാലിനെതിരെയുള്ള ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി അജു അലക്സ് പറഞ്ഞത്.
'അഭിപ്രായങ്ങള്‍ ഇനിയും തുറന്നു പറയും. മോഹന്‍ലാല്‍ വയനാട് പോയത് ശരിയായില്ല. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും'' എന്നാണ് അജു അലക്സ് പറയുന്നത്.
ചെകുത്താന്‍ പേജുകളിലടക്കം അഭിപ്രായങ്ങള്‍ ഇനിയും തുറന്നുപറയും. മോഹന്‍ലാലിനെതിരെയുള്ള വീഡിയോ റിമൂവ് ചെയ്തത് പൊലീസ് പറഞ്ഞതു കൊണ്ടാണെന്നും അജു അലക്സ് പ്രതികരിച്ചു.