വയനാട്ടിലെ ദുരന്തമേഖലയായ സൂചിപ്പാറയില്‍ നിന്നും 4 മൃതദേഹങ്ങളും എയര്‍ ലിഫ്റ്റ് ചെയ്തു. ഇന്നലെയാണ് സൂചിപ്പാറയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹങ്ങള്‍ ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് മൃതദേഹങ്ങള്‍ അവിടെനിന്നും വീണ്ടെടുത്തത്. 4 മൃതദേഹങ്ങളും ബത്തേരിയിലെത്തിച്ചു.
ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ തിരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ നല്‍കാത്തതിനാല്‍ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കവറുകളും ഗ്ലൗസും മാത്രമാണ് നല്‍കിയിരുന്നത്. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാറ്റാന്‍ കഴിയാതെ വന്നത്. 4 മൃതദേഹങ്ങളും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളതെന്നും ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.