സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം: മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു; ഇത്തരം നിബന്ധനകളുമായി സ്ഥാപനങ്ങള്‍ വരുന്നത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം: മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു; ഇത്തരം നിബന്ധനകളുമായി സ്ഥാപനങ്ങള്‍ വരുന്നത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി
സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം മുഖം മറയ്ക്കുന്ന തരത്തിലുള്ള മൂടുപടങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു.

എന്‍ജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോളേജിന്റെ നിബന്ധന ആശ്ചര്യമുണ്ടാക്കിയെന്ന് കോടതി പറഞ്ഞു. എന്താണിതെന്നും ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. അതേസമയം വിദ്യാര്‍ത്ഥികളുടെ മതം വ്യക്തമാക്കുന്നുവെന്ന് വിശദമാക്കിയാണ് ഹിജാബ് അടക്കമുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സ്വകാര്യ കോളേജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേര് അവരുടെ മതം വ്യക്തമാക്കില്ലേയെന്നും ഇതൊഴിവാക്കാന്‍ പേരിന് പകരം നമ്പറിട്ട് വിളിക്കുമോയെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം നിബന്ധകളുമായി സ്ഥാപനങ്ങള്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. മതത്തേക്കുറിച്ച് പെട്ടന്നാണോ അറിവുണ്ടായതെന്നും കോടതി ചോദിച്ചു.

Other News in this category



4malayalees Recommends