വീക്കെന്‍ഡില്‍ ബ്രിട്ടനില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് എണ്ണ പകരുമെന്ന് സൂചനയില്‍ പോലീസ് ഓഫീസര്‍മാര്‍ കനത്ത ജാഗ്രതയില്‍. ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ഫുട്‌ബോള്‍ തെമ്മാടികള്‍ കലാപത്തിന് നേതൃത്വം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്നാണ് ആശങ്ക.
ഇതോടെ പല ഭാഗത്തും ഫുട്‌ബോള്‍ നിരോധിച്ചുള്ള ഉത്തരവ് നല്‍കാന്‍ പോലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വീക്കെന്‍ഡില്‍ പോലീസ് സേനകള്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു.
'അതിക്രമങ്ങള്‍ നേരിടാന്‍ ചുമതലപ്പെട്ടവര്‍ ഉയര്‍ന്ന ജാഗ്രത പാലിക്കണം', ലാംബെത്തിലെ മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി പറഞ്ഞു. തെരുവുകളില്‍ ഓഫീസര്‍മാര്‍ അതിവേഗ നടപടി സ്വീകരിക്കുകയും, കോടതികള്‍ വേഗത്തില്‍ വിധികള്‍ നടപ്പാക്കുകയും ചെയ്തത് വലിയ ഫലം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സ്റ്റാര്‍മറുടെ നിലപാട്.
ജൂലൈ 29ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂട്ടക്കൊലയ്ക്ക് ഇരയായതിന് പിന്നാലെയാണ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ പടര്‍ന്നത്. ഇതിനകം 741 പേരോളം അറസ്റ്റിലായിട്ടുണ്ടെന്ന് എന്‍പിസിസി വ്യക്തമാക്കി.