എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് അവസാനിക്കുമോയെന്നത് ഏറെ നാളായി ഉയരുന്ന ചോദ്യമാണ്. ഒരു ഗവണ്‍മെന്റ് തന്നെ മാറിവരികയും, പുതിയ ഗവണ്‍മെന്റ് 22% ശമ്പളവര്‍ദ്ധന നല്‍കാമെന്ന് ഓഫര്‍ ചെയ്യുകയുമുണ്ടായി. ഈ ഓഫര്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ മുന്നില്‍ 22.3 ശതമാനം ശരാശരി വര്‍ദ്ധനവാണ് പുതിയ ലേബര്‍ ഗവണ്‍മെന്റ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സൃഷ്ടിച്ച ദുരിതങ്ങള്‍ക്ക് അന്ത്യമാകും.
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ബിഎംഎ വോട്ട് ചെയ്യുക. അംഗങ്ങള്‍ ഡിജിറ്റലായി വോട്ട് രേഖപ്പെടുത്തും. വോട്ടിംഗ് തീയതി അവസാനിക്കുന്നതിന് പിന്നാലെ ഫലം പുറത്തുവിടും. 23/24 സാമ്പത്തിക വര്‍ഷത്തേക്ക് മുന്‍കാല പ്രാബല്യത്തോടെയും, 24/25 വര്‍ഷത്തേക്കുള്ള വര്‍ദ്ധനവും ഓഫറിന്റെ ഭാഗമാണ്.