പണത്തിനായി മനുഷ്യന്‍ എന്തും ചെയ്യുമോ? ചെയ്യുമെന്നതാണ് ഈ ലോകത്തിലെ കാഴ്ചകള്‍ നമ്മള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. 5000 പൗണ്ടിന് വേണ്ടി ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ വനിതാ പ്രിസണ്‍ ഓഫീസറാണ് ഇപ്പോള്‍ ജയിലഴിക്കുള്ളില്‍ ആയിരിക്കുന്നത്.
ഓറഞ്ച് ജ്യൂസ് കാര്‍ട്ടണുകളിലായി വലിയ തോതില്‍ മയക്കുമരുന്ന് എച്ച്എംപി പാര്‍ക്കിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ജോഡി ബിയര്‍ പിടിയിലാകുന്നത്. സൗത്ത് വെയില്‍സിലെ ജയിലില്‍ ജോലി ചെയ്തിരുന്ന ഓഫീസര്‍ കാര്‍ പാര്‍ക്കില്‍ നിര്‍ത്തിയ തന്റെ വാഹനത്തിന് അരികിലേക്ക് നടക്കവെയാണ് 2022 ഫെബ്രുവരിയില്‍ പോലീസ് ഓഫീസര്‍മാര്‍ തടയുന്നത്.
കാറില്‍ നടത്തിയ പരിശോധനയില്‍ വലിയ കാര്‍ട്ടണുകളില്‍ ഓറഞ്ച് ജ്യൂസ് കണ്ടെത്തി. ഇത് തുറന്നപ്പോഴാണ് ക്ലാസ് എ, ക്ലാസ് സി മയക്കുമരുന്നുകളും, മൊബൈല്‍ ഫോണുകളും, സിം കാര്‍ഡുകളും കണ്ടെത്തുന്നത്. ഇത് തന്റെ വാഹനത്തില്‍ ആരോ മനഃപ്പൂര്‍വ്വം വെച്ചതാണെന്നാണ് 30-കാരി ആദ്യം അവകാശപ്പെട്ടത്.
വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 4000 പൗണ്ട് പണവും പിടിച്ചെടുത്തു. അറസ്റ്റിലായതോടെയാണ് ജയിലിലെ തടവുകാരന്റെ 5000 പൗണ്ട് ഓഫര്‍ സ്വീകരിച്ചാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് ബിയര്‍ സമ്മതിച്ചത്. 6 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മുന്‍ ജയില്‍ ഓഫീസര്‍ക്ക് വിധിച്ചത്.