യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ തീവ്രവലത് കലാപങ്ങളുടെ പ്രത്യാഘാതം വരും മാസങ്ങളിലും, ചിലപ്പോള്‍ വര്‍ഷങ്ങളിലും നീണ്ടുനില്‍ക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. പോലീസ് കുറ്റം ചുമത്തുന്ന കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഷബാന മെഹ്മൂദിന്റെ പ്രതികരണം.
ജൂലൈ 29ന് സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യുകെയില്‍ തീവ്രവലത് വിഭാഗങ്ങള്‍ കലാപങ്ങള്‍ അഴിച്ചുവിട്ടത്. കൊലയാളി യുകെയിലേക്ക് ബോട്ടിലെത്തിയ അഭയാര്‍ത്ഥിയാണെന്ന വ്യാജ പ്രചരണമായിരുന്നു ഇതിലേക്ക് വഴിതെളിച്ചത്.
കലാപങ്ങള്‍ നടത്തിയ 779 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ പറഞ്ഞു. 349 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തി. 'ഈ വെല്ലുവിളി നേരിടാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞു. കൂടുതല്‍ കുറ്റകൃത്യങ്ങളും, അരാജകത്വങ്ങളും ഉണ്ടായാല്‍ നീതി ലഭ്യമാക്കും. അവസാനത്തെ കുറ്റവാളിയെ വരെ ജയിലിലാക്കും', പുതിയ ജസ്റ്റിസ് സെക്രട്ടറി പറഞ്ഞു.
എന്നാല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും ഏറ്റെടുത്ത ജസ്റ്റിസ് സിസ്റ്റം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിയെന്ന് കുറ്റം പറയാനും ഷബാന മഹ്മൂദ് മറന്നില്ല. ക്രൗണ്‍ കോടതികളിലെ റെക്കോര്‍ഡ് കെട്ടിക്കിടക്കലും, ജയിലുകള്‍ നിറയുന്ന സാഹചര്യവുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.