ടീം ഗ്രേറ്റ് ബ്രിട്ടന്റെ അത്‌ലറ്റുകള്‍ക്ക് മാത്രമല്ല ഒളിംപിക് വേദിയില്‍ തങ്ങളുടേതായ നിമിഷം ലഭിക്കുന്നത്. അവര്‍ക്കൊപ്പമുള്ള കോച്ച് ഉള്‍പ്പെടെയുള്ള ഒഫീഷ്യലുകള്‍ക്ക് കൂടിയാണ്. പാരീസ് ഗെയിംസില്‍ ഇപ്പോള്‍ ഹീറോസായി വാഴ്ത്തപ്പെടുന്നത് ടീം ജിബി ബോക്‌സിംഗ് ഡോക്ടര്‍ ഹര്‍ജ് സിംഗും, ഫിസിയോ റോബി ലില്ലിസുമാണ്.
കാരണം ഇവര്‍ മത്സരിച്ച് മെഡല്‍ നേടുകയല്ല, മറിച്ച് എതിരാളികളായ ഒരു ടീമിന്റെ കോച്ചിന് ജീവന്‍ സമ്മാനിക്കുകയാണ് ചെയ്തത്. ഉസ്‌ബെക്കിസ്ഥാന്‍ ബോക്‌സിംഗ് ടീമിന്റെ ഹെഡ് കോച്ചിന്റെ ജീവന്‍ രക്ഷിച്ചാണ് ബ്രിട്ടീഷ് ടീം ഡോക്ടറും, ഫിസിയോയും താരങ്ങളായത്.
ഫ്രാന്‍സിന്റെ ബില്ലാല്‍ ബെന്നാമയെ തോല്‍പ്പിച്ച് ഉസ്‌ബെക്ക് ബോക്‌സര്‍ ഹസന്‍ബോയ് ഡസ്മാതോവ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഇത് ആഘോഷിക്കുകയായിരുന്നു കോച്ച് തുല്‍കിന്‍ കിലിചേവ്. എന്നാല്‍ റോളണ്ട് ഗാരോസിലെ വാം അപ്പ് ഏരിയയില്‍ വെച്ച് കോച്ചിന് കാര്‍ഡിയാക് അറസ്റ്റ് നേരിടുകയായിരുന്നു.
ഭാഗ്യത്തിന് അടുത്തുണ്ടായിരുന്ന ഡോ. സിംഗും, ലില്ലിസും സഹായത്തിനായി ഓടിയെത്തി. സിപിആര്‍ തുടര്‍ച്ചയായി നല്‍കുകയും, ഡീഫൈബ്രില്ലേറ്റര്‍ നല്‍കുകയും ചെയ്തു. 20, 30 സെക്കന്‍ഡുകള്‍ക്ക് ശേഷം ജീവന്‍ തിരിച്ചുലഭിച്ചെന്ന് ലില്ലിസ് വ്യക്തമാക്കി. ഇതോടെ മെഡിക്കല്‍ ജീവനക്കാര്‍ ബോക്‌സിംഗ് കോച്ചിനെ ആശുപത്രിയിലെത്തിച്ചു.