പ്രശസ്ത കാര്‍ട്ടൂണ്‍ 'ടോം ആന്റ് ജെറി' തമാശയല്ല, അക്രമമാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. 'ഖേല്‍ ഖേല്‍ മേന്‍' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ്യുടെതായി വീണ്ടും തിയേറ്ററില്‍ എത്താന്‍ പോകുന്ന ചിത്രമാണ് ഖേല്‍ ഖേല്‍ മേന്‍.
ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചിട്ടുള്ള ഫര്‍ദീന്‍ ഖാന് ആണ് ടോം ആന്റ് ജെറി തന്റെ ഇഷ്ട കോമഡി ചിത്രമാണെന്ന് പറഞ്ഞത്. പിന്നാലെയാണ് അക്ഷയ് കുമാര്‍ ഇതിനെ തിരുത്തി രംഗത്തെത്തിയത്. ടോം ആന്റ് ജെറി തമാശയല്ല. അത് ആക്ഷനും അക്രമവുമാണ് എന്നായിരുന്നു അക്ഷയ് പറഞ്ഞത്.
''ഒരു രഹസ്യം കൂടി പറയാം. ഞാന്‍ അഭിനയിച്ച കുറേയേറെ ആക്ഷന്‍ രംഗങ്ങള്‍ ടോം ആന്റ് ജെറിയില്‍ നിന്നും എടുത്തവയാണ്. അവരുടെ ആക്ഷന്‍ അവിശ്വസനീയമാണ്. ആ ഹെലികോപ്റ്റര്‍ സീന്‍ മുഴുവന്‍ ടോം ആന്റ് ജെറിയില്‍ നിന്നും എടുത്തതാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കായി ആശ്രയിക്കുന്ന മറ്റൊന്ന് നാഷണല്‍ ജിയോഗ്രഫി ആണ്.''
''അവിടെ നമുക്ക് നല്ല ആക്ഷന്‍ കാണാനാവും. എന്തൊക്കെ പറഞ്ഞാലും ടോം ആന്‍ഡ് ജെറിയില്‍ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങള്‍ വേറെവിടേയും കാണാന്‍ കഴിയില്ല'' എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്