യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കണമെന്നും അതിന് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും മിസിസ് കാനഡ എര്‍ത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്‌കര്‍. കാനഡയിലെ 39 ശതമാനം യുവതയും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. 12നും 19നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യയേറുന്നു. യോഗ വഴി പ്രശ്‌ന പരിഹാരമുണ്ടെന്നാണ് രണ്ടുകുട്ടികളുടെ അമ്മയായ മിലി പറയുന്നത്.
ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂരില്‍ ടി സി ഭാസ്‌കന്റെയും ജയയുടേയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജറാണ് ഭാസ്‌കരന്‍. ജയ കണ്ണൂര്‍ ജില്ലാ മുന്‍ ബാങ്ക് മാനേജറും. ഇലക്ട്രോണിക്‌സില്‍ ബിരുദവും ബംഗളൂരു ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ മാനേജ്‌മെന്റ് ബിരുദവും ഋഷികേശില്‍ നിന്ന് യോഗാധ്യാപക കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇനി മിസിസ് എര്‍ത്ത് ഗ്ലോബല്‍ മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് മിലി.
ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോഴാണ് ഡല്‍ഹി മലയാളിയായ മഹേഷ് കുമാറുമായി മിലി വിവാഹം കഴിച്ചത്. അസെന്റില്‍ ജോലി ചെയ്യവേയാണ് കാനഡയിലെ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയില്‍ മാനേജറായി ജോലി ലഭിച്ചത്. 9 വര്‍ഷമായി കാനഡയില്‍ തുടരുന്ന മിലി ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. കാനഡയില്‍ വിദ്യാര്‍ത്ഥികളായ തമന്ന, അര്‍മാന്‍ എന്നിവരാണ് മക്കള്‍.