പാക്കിസ്താന് പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണ്‍ വില്‍പ്പനയ്ക്ക് വെച്ചു ; കട അടപ്പിച്ചു ; പരാതിയില്‍ പൊലീസ് കേസെടുത്തു
പാക്കിസ്താന് പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണ്‍ വില്‍പ്പനയ്ക്ക് വെച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എരൂര്‍ ചേലയ്ക്ക വഴിക്കു സമീപത്തുള്ള 'ബിസ്മി സ്റ്റോഴ്സ്' കട പൊലീസ് അടപ്പിച്ചു. ഈ കടയില്‍ നിന്നും ബലൂണ്‍ വാങ്ങിയ എരൂര്‍ സ്വദേശിക്കാണ് 'ഐ ലൗ പാക്കിസ്താന്' എന്നെഴുതിയ ബലൂണ്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജന്മദിനാഘോഷത്തിനായാണ് 40 ബലൂണുകള്‍ അടങ്ങിയ പാക്കറ്റ് വാങ്ങിയത്. ഇതില്‍ നിന്നാണ് ഇത്തരത്തില്‍ എഴുതിയ ഒരു ബലൂണ്‍ ലഭിച്ചത് എന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയാണ് കട നടത്തിയിരുന്നത്. മൊത്തകച്ചവടക്കാരില്‍ നിന്നാണ് ബലൂണ്‍ പാക്കുകള്‍ വാങ്ങിയതെന്നും അതില്‍ എങ്ങനെയാണ് ഈ വിധത്തിലുള്ള ബലൂണ്‍ പെട്ടതെന്ന് അറിയില്ലെന്നും കടയുടമ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
അതേസമയം കടയുടമയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സ്വാതന്ത്ര്യദിനം അടുത്തിരിക്കെ സംഭവം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബലൂണുകളില്‍ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്.