ജാവലിന്‍ ത്രോ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ ട്രോളി സോഷ്യല്‍ മീഡിയ. നീരജ് ചോപ്ര വിജയിക്കുന്നത് വരെ ജാവലിന്‍ ത്രോ ഒളിംപിക്സിന്റെ ഭാഗമാണെന്ന് അറിയില്ലായിരുന്നുവെന്ന് സൈന നെഹ്വാള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ നീരജ് സ്വര്‍ണമെഡല്‍ നേടിയതിന് ശേഷമാണ് ഇക്കാര്യം തനിക്ക് മനസ്സിലായതെന്നുമായിരുന്നു താരം പറഞ്ഞത്.
സൈന നെഹ്വാളിന്റെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പിന്നീട് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. കായിക താരമായിട്ടുപോലും ജാവലിന്‍ ത്രോ ഒളിംപിക്സിലെ മത്സരയിനമാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ താരത്തിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് സൈന. 'ഇന്ത്യന്‍ സ്പോര്‍ട്സിന്റെ കങ്കണ റണാവത്ത്' എന്നാണ് സൈനയെ പരിഹസിക്കുന്നത്.
ഒടുവില്‍ ട്രോളുകളോട് പ്രതികരിച്ച് സൈനയും രംഗത്തെത്തി. 'ഈ അഭിനന്ദനത്തിന് നന്ദി. കങ്കണ സുന്ദരിയാണ്. എന്റെ കായിക മേഖലയില്‍ മികച്ചതാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരമാവാനും രാജ്യത്തിന് വേണ്ടി ഒളിംപിക് മെഡല്‍ നേടാനും കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു. ഞാന്‍ വീണ്ടും പറയുകയാണ്, വീട്ടിലിരുന്ന് കമന്റിടാന്‍ വളരെ എളുപ്പമാണ്. പക്ഷേ കളത്തിലിറങ്ങി കളിക്കുന്നത് പ്രയാസമാണ്. നീരജ് ചോപ്ര നമ്മുടെ സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം കായിക രംഗത്തെ ഇന്ത്യയില്‍ ജനപ്രിയമാക്കി', സൈന എക്സില്‍ കുറിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്ത റീഷെയര്‍ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്.