ബംഗ്ലാദേശില്‍ ജനകീയ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ് ; ശശി തരൂര്‍
ബംഗ്ലാദേശില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമണ സംഭവങ്ങള്‍ക്കിടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങള്‍ തകര്‍ക്കപ്പെടുന്നത് വേദനാജനകമെന്ന് ശശി തരൂര്‍ എംപി. അയല്‍ രാജ്യത്തെ ജനാധിപത്യ വിപ്ലവമായി വാഴ്ത്തപ്പെട്ട സംഭവം അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലേക്കും ദിശ തെറ്റി മാറുന്നത് ദയനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു. ' ജനകീയ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ്. അയല്‍ രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ബാധ്യത നമുക്കുണ്ട്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന്റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണ് എന്നും എഎന്‍ഐയോടുള്ള അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബംഗ്ലാദേശിനെ പാകിസ്താന്‍ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പിന്തുണ നല്‍കി സംരക്ഷിച്ചതിനെ തുടര്‍ന്ന് ധാക്കയിലുണ്ടാക്കിയ സ്മാരകവും ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രവും കലാപകാരികള്‍ തകര്‍ത്തത് നീതീകരിക്കാനാവില്ല, ഇത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുക എന്നും ശശി തരൂര്‍ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ബംഗ്ലാദേശില്‍ സ്ഥിഗതികള്‍ വഷളാക്കിയത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി . ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ച് നാടുവിടുകയായിരുന്നു.